പശ്ചിമ ബംഗാളില്‍ മുസ്ലിംകള്‍ക്ക് പത്തു ശതമാനം സംവരണം
Tuesday, February 9, 2010
ഇന്നലെ ചേര്‍ന്ന പശ്ചിമ ബംഗാള്‍ മന്ത്രിസഭാ യോഗമാണ് ശ്രദ്ധേയമായ ഈ പ്രഖ്യാപനം നടത്തിയത്. രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദേശം അപ്പടി സ്വീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം സംവരണത്തിന് അവസരം സൃഷ്ടിച്ചത്. സംസ്ഥാനത്തെ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിഭാഗങ്ങളുടെ ജീവിത പുരോഗതിക്ക് സര്‍ക്കാര്‍ തീരുമാനം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാന ജനസംഖ്യയില്‍ മുപ്പതു ശതമാനത്തോളം വരുന്ന മുസ്ലിംകളുടെ അവസ്ഥ പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളേക്കാള്‍ ശോച്യമാണെന്ന റിപ്പോര്‍ട്ടാണ് സച്ചാര്‍ സമിതി പുറത്തു കൊണ്ടുവന്നത്. ഇരുപതു ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ട് ജംഇയ്യതുല്‍ ഉലമ സംസ്ഥാനത്തുടനീളം കഴിഞ്ഞദിവസം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോള്‍ പശ്ചിമ ബംഗാളിലെ 12 മുസ്ലിം വിഭാഗങ്ങള്‍ മാത്രമാണ് ഒ.ബി.സി കാറ്റഗറിയിലുള്ളത്. കൂടുതല്‍ വിഭാഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സംവരണ പ്രഖ്യാപനത്തിന്റെ ഗുണഫലം സംസ്ഥാനത്തെ മുസ്ലിംകള്‍ക്ക് കാര്യമായൊന്നും ലഭിക്കില്ലെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന പിന്നാക്ക കമീഷനോട് കൂടുതല്‍ വിഭാഗങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. പുതുതായി 28 വിഭാഗങ്ങളെ കൂടി ഒ.ബി.സിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. സംസ്ഥാനത്ത് ഇതുവരെ ഒ.ബി.സി കാറ്റഗറിയില്‍ രണ്ടു ശതമാനം സംവരണാനുകൂല്യം പോലും മുസ്ലിംകള്‍ക്ക് ലഭിച്ചിരുന്നില്ല. |
പുതിയ വാര്‍ത്തകള്‍ |