പള്ളിയില്‍ പാക് ബാലന്റെ കൊല: അപ്പീലില്‍ വിചാരണ തുടങ്ങി

Monday, February 8, 2010
ദുബൈ: ഖിസൈസിലെ പള്ളിയുടെ കുളിമുറിയില്‍ നാലുവയസ്സുകാരന്‍ മൂസ മുഖ്തിയാറിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമായിരുന്നില്ലെന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി റാശിദ് അല്‍ റശീദി അപ്പീല്‍ കോടതിയില്‍ വ്യക്തമാക്കി.
കുട്ടിയെ കൊന്നത് താനാണെന്നും എന്നാല്‍ ബോധപൂര്‍വമായിരുന്നില്ലെന്നും പാക് ബാലനെ ലൈംഗികമായി പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി കോടതിയില്‍ മൊഴി നല്‍കി.
നാല് വയസുകാരനായ മൂസാ മുഖ്തിയാര്‍ അഹ്മദിനെ മാനഭംഗപ്പെടുത്തി മനഃപൂര്‍വം കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ പരാമര്‍ശത്തിനെതിരെ ഇയാള്‍ നല്‍കിയ അപ്പീലില്‍ കോടതി കഴിഞ്ഞദിവസം ഇയാളുടെ വാദം കേള്‍ക്കുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാദത്തിനെതിരെ ഇയാള്‍ അപ്പീല്‍ നല്‍കിയിട്ടില്ല.
വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. തനിക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകരില്ലെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. അതിനാല്‍, അടുത്ത ഞായറാഴ്ചത്തേക്ക് വാദം കേള്‍ക്കല്‍ മാറ്റിവെച്ചു. ഇയാള്‍ക്കുവേണ്ടി വാദിക്കാന്‍ കോടതി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം പെരുന്നാള്‍ പണം ചോദിച്ചെത്തിയ കുട്ടിയെ പ്രലോഭിപ്പിച്ച് പള്ളി ടോയ്ലറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞമാസമാണ് കീഴ്കോടതി ഇയാളെ വെടിവെച്ച് കൊല്ലാന്‍ വിധിച്ചത്. ലഹരി ഉപയോഗിച്ചതിന് ആറ് മാസം ജയില്‍ ശിക്ഷയും അനുഭവിക്കണം.
ഈ വിധിക്കെതിരെയാണ് റാശിദ് അപ്പീല്‍ കോടതിയെ സമീപിച്ചത്. അപ്പീല്‍ കോടതി കൂടി വിധി ശരിവെച്ചാല്‍ പ്രതിയെ ജയില്‍ശിക്ഷ കഴിഞ്ഞയുടന്‍ വെടിവെച്ച് കൊല്ലും.
1993നു ശേഷം ദുബൈയില്‍ വധശിക്ഷ വിധിക്കുന്ന 43ാമത്തെ വ്യക്തിയാണിയാള്‍.

അബ്ദുല്‍ അസീസ് പുതിയങ്ങാടി
Share/Bookmark