തകര്‍ത്താടി സ്റ്റെയ്ന്
Tuesday, February 9, 2010
കേവലം 12 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്. 51 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ സ്റ്റെയ്ന് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. എസ്.ബദരീനാഥ് (56), ഗൌതം ഗംഭീര്‍ (12) എന്നിവര്‍ക്കു മാത്രമേ സെവാഗിനു പുറമെ രണ്ടക്കം കാണാനായുള്ളൂ. ഫോളോഓണ്‍ ചെയ്ത ശേഷവും ഇന്ത്യക്ക് തകര്‍ച്ച തന്നെയായിരുന്നു ഫലം. ഓപണര്‍മാരായ ഗംഭീറും (1) സെവാഗും (16) നിലയുറപ്പിക്കുംമുമ്പേ മടങ്ങിയപ്പോള്‍ മൂന്നാം ദിനം സ്റ്റംപെടുക്കവേ രണ്ടാമിന്നിങ്സില്‍ രണ്ടു വിക്കറ്റിന് 66 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. എട്ടുവിക്കറ്റ് കൈയിലിരിക്കേ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് 260 റണ്‍സ് കൂടി വേണം. 27 റണ്‍സുമായി മുരളി വിജയും 15 റണ്‍സെടുത്ത് സചിന് ടെണ്ടുല്കറുമാണ് ക്രീസില്‍. വിക്കറ്റുപോവാതെ 25 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയെ നേരത്തേ പറഞ്ഞുവെച്ച രീതിയിലൂടെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. വിശ്വസ്തരായ രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണുമില്ലാത്ത, പരിചയസമ്പത്തുകുറഞ്ഞ ഇന്ത്യന്‍ മധ്യനിരയുടെ ബലഹീനതകളിലൂടെ പന്തെറിയുമെന്ന് മല്‍സരത്തിനുമുമ്പ് മുന്നറിയിപ്പു നല്കിയ സന്ദര്‍ശകര്‍, കളത്തില്‍ അത് അക്ഷരംപ്രതി നടപ്പാക്കി. 139 പന്തില്‍ 15 ഫോറടക്കം 109 റണ്‍സ് നേടിയ സെവാഗിന്റെ 18ാം ടെസ്റ്റ് സെഞ്ച്വറി മാത്രമായിരുന്നു ആതിഥേയര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ഗംഭീറിനെ മോര്‍നെ മോര്‍ക്കല്‍ വിക്കറ്റിനുപിന്നില്‍ മാര്‍ക് ബൌച്ചറുടെ ഗ്ലൌസിലെത്തിച്ചശേഷം വിജയും (നാല്) ടെണ്ടുല്‍കറും (ഏഴ്) സ്റ്റെയിനുമുന്നില് ബാറ്റുവെച്ചു കീഴടങ്ങി എളുപ്പം മടങ്ങി. ഇതോടെ ഇന്ത്യന്‍ സ്കോര്‍ മൂന്നിന് 56 റണ്‍സെന്ന നിലയില്‍. സെവാഗും അരങ്ങേറ്റക്കാരനായ ബദരീനാഥും ചേര്‍ന്ന് ഉറച്ചുനിന്ന് പൊരുതി 136 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. സ്പിന്നര്‍മാരെ വരെ പതിവ് ആക്രമണശൈലിയില്‍ സമീപിക്കാന്‍ മടികാട്ടിയ സെവാഗിനെ ഓഫ്സ്റ്റംപിന് പുറത്ത് നിരന്തരം പന്തെറിഞ്ഞ് വെയ്ന്‍ പാര്‍നല്‍ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. സ്ക്വയറിലേക്ക് ജാഗ്രതയോടെ ഷോട്ടിനു ശ്രമിച്ച സെവാഗ് ഏറെ സംയമനം പുലര്‍ത്തിയത് വേറിട്ട അനുഭവമായി. മറുവശത്ത് നങ്കൂരമിടാന്‍ മുന്‍ഗണന നല്കിയ ബദരീനാഥ് തേര്ഡ്മാന് ഏരിയയിലേക്ക് പന്തടിച്ച് റണ്‍ നേടുന്നതില്‍ ശ്രദ്ധവെച്ചു. ഇതിനിടെ ഓഫ് സൈഡ് ഫീല്‍ഡ് ശക്തമാക്കി തന്ത്രം മെനഞ്ഞ ഗ്രേയം സ്മിത്തിന്റെ കെണിയില്‍ സെവാഗ് വീണു. പാര്‍നലിനെ ഒരോവറില്‍ രണ്ടു ബൌണ്ടറിക്ക് പറത്തിയതിന് പിന്നാലെ അവസാന പന്തില്‍ കണക്കുകൂട്ടല്‍ പിഴച്ച സെവാഗ് ഡീപ് കവറില്‍ ഡ്യുമിനിക്ക് പിടി കൊടുത്തു. നാലിന് 221 റണ്‍സെന്ന തരക്കേടില്ലാത്ത സ്കോറില്‍ ചായക്കുപിരിഞ്ഞ ഇന്ത്യ തിരിച്ചെത്തിയത് തകര്‍ച്ചയുടെ പടുകുഴിയിലേക്കായിരുന്നു. മൂന്നാം സെഷനിലെ ആദ്യ ഓവറില്‍ ധോണി (ആറ്) വീണതോടെ പൊടുന്നനെയുള്ള തകര്‍ച്ചക്ക് തുടക്കമായി. പോള്‍ ഹാരിസിന്റെ ബൌളിങ്ങില് ജാക് കാലിസ് പിടിച്ചാണ് ക്യാപ്റ്റന്‍ മടങ്ങിയത്. അടുത്ത ഓവറില്‍ സ്റ്റെയ്ന് സര്‍വനാശത്തിലേക്ക് പന്തെറിഞ്ഞു തുടങ്ങി. വേഗം, കൃത്യത, സ്വിങ് എന്നിവ സമന്വയിപ്പിച്ച് സ്റ്റെയ്ന് തീതുപ്പിയപ്പോള്‍ ഇന്ത്യന്‍ വാലറ്റം കരിഞ്ഞുവീണു. 139 പന്തില്‍ ഏഴു ബൌണ്ടറിയടക്കം 56 ലെത്തിയ ബദരീനാഥിനെ ഷോര്ട്ട്മിഡ്വിക്കറ്റില് ആഷ്വെല് പ്രിന്‍സ് പിടികൂടി. രോഹിത് ശര്‍മക്ക് അവസാനനിമിഷം പരിക്കേറ്റതിനാല്‍ 'ഭാഗ്യ'ത്തിന്റെ അകമ്പടിയോടെ അരങ്ങേറ്റത്തിനിറങ്ങിയ വംഗനാട്ടുകാരന് വൃദ്ധിമാന്‍ സാഹക്ക് ക്രീസില്‍ തീരെ ഭാഗ്യമുണ്ടായില്ല. വ്യക്തിഗത സ്കോര്‍ പൂജ്യത്തില്നില്ക്കെ സ്റ്റെയ്നിന്റെ നേരിട്ട ആദ്യപന്ത് വിട്ടുകളയാന്‍ കൈകളുയര്‍ത്തിയപ്പോള്‍ ഇന്‍സ്വിങ്ങര്‍ ബെയ്ലും കൊണ്ടു പോയി. സഹീര്‍ഖാനും (രണ്ട്) അമിത് മിശ്രയും (പൂജ്യം) പന്തിനെ ബാറ്റിലൂടെ വിക്കറ്റിലേക്ക് വലിച്ചിഴക്കുകയായിരുന്നു. അവസാനം വിക്കറ്റിനുമുന്നില്‍ നിലതെറ്റി ഹര്ഭജന് സിങ്ങും (എട്ട്) പുറത്തായതോടെ സ്മിത്ത് ഇന്ത്യന്‍ ഡ്രസ്സിങ് റൂമിനുനേരെ നോക്കി വീണ്ടും പാഡുകെട്ടിക്കൊള്ളാന് ആംഗ്യം കാട്ടി. ഫോളോഓണിന്റെ അപകടസന്ധിയില്‍ മികച്ച തുടക്കമിട്ട് നില മെച്ചപ്പെടുത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. ഒരു റണ്ണെടുത്ത ഗംഭീര്‍ മോര്‍ക്കലിന്റെ ബൌളിങ്ങില് കുറ്റിതെറിച്ച് മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡിലും ഒരു റണ്‍. 19 പന്തില്‍ നാലു ഫോറടിച്ച സെവാഗ് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റെയ്ന് വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ വീരു സ്ലിപ്പില്‍ സ്മിത്തിന്റെ കൈകളില്‍. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ വിജയ്^സചിന് സഖ്യം 42 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 68 പന്തില്‍ വിജയ് ആറു ഫോറടിച്ചപ്പോള്‍ 48 പന്തില്‍ രണ്ടു ബൌണ്ടറിയടങ്ങിയതാണ് സചിന്റെ ഇന്നിങ്സ്. |
പുതിയ വാര്‍ത്തകള്‍ |