ആന്ധ്രയിലെ സംവരണം ഹൈ കോടതി റദ്ദാക്കി

Tuesday, February 9, 2010
ഹൈദരാബാദ്: മുസ്ലിംകളിലെ ചില വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ നടപടി ഹൈ കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എ.ആര്‍. ഡാവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്.

കോടതി ഉത്തരവ് ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് കടുത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. 2007ലാണ് മുസ്ലിംകളിലെ 15 വിഭാഗങ്ങള്‍ക്ക് നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തി ആന്ധ്രാ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്. ഇതിനെതിരെ നിരവധി ഹരജികള്‍ ഹൈ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അഭിഭാഷകനായ കെ. കൊണ്ടാല റാവുവിന്റെ ഹരജിയിലാണ് ഉത്തരവ്. ആന്ധ്രപ്രദേശിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള കമീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കോടതി ഉത്തരവ് 2007ലെ സംവരണ നിയമത്തിന്റെ ആനുകൂല്യത്തില്‍ വിവിധ മെഡിക്കല്‍ എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്. നിയമത്തിന്റെ ആനുകൂല്യത്തില്‍ സര്‍ക്കാര്‍ ജോലി നേടിയവരും പ്രതിസന്ധിയിലാവും.

എം. സിദ്ദീഖ്
Share/Bookmark