ദേശീയം

വനിത ബില്‍ : ലോക്സഭ രണ്ടു മണി വരെ നിര്‍ത്തി വെച്ചു; ബി.ജെ.പിയില്‍ ഭിന്നത

ന്യൂദല്‍ഹി : വനിതാ സംവരണബില്ലിനെ തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചക്ക്  രണ്ടു മണി വരെ നിര്‍ത്തിവെച്ചു. അതേസമയം ബില്ലിനെ പിന്തുണക്കുന്ന വിഷയത്തില്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാവുന്നു.

മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും ആദ്യ പത്ത് ധനാഢ്യരില്‍

ന്യൂയോര്‍ക്ക് :  ലോകത്തെ ആദ്യ പത്ത് ധനാഢ്യരില്‍ ഇന്ത്യയുടെ മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും. ഫോര്‍ബ്സ് പ്രസിദ്ധീകരിച്ച 2010 ലെ ധനാഢ്യരുടെ പട്ടികയിലാണ് മുകേഷ് അംബാനിയും മിത്തലും ഉള്‍പ്പെടിരിക്കുന്നത്. മെക്സികോയിലെ ടെലികോം വ്യാപാര പ്രമുഖന്‍ കാര്‍ലോസ്  സ്ലിം ആണ് ഒന്നാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ധനികരില്‍ രണ്ടാമനും വാരന്‍ ബഫറ്റ് മൂന്നാമനുമാണ്. 2,900 കോടി ഡോളറിന്റെ ആസ്തിയോടെ അംബാനിക്ക് നാലാം സ്ഥാനവും 2,870 കോടി ഡോളറിന്റെ ആസ്തിയോടെ ലക്ഷ്മി മിത്തലിന് അഞ്ചാംസ്ഥാനവും ആണുള്ളത്. അസിം പ്രേംജി 28 ാം റാങ്കുകാരനാണ്.

15 കമ്പനികളുടെ ഓഹരി വില്‍പ്പനക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂദല്‍ഹി: ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിട്ട 40000 കോടി രൂപ സമാഹരിക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പതിനഞ്ചോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റേക്കും. ഏപ്രില്‍ അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കര്‍മ പദ്ധതി തയാറാക്കും. ടെലിക്കോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരി വില്‍ക്കാനാണ് ആലോചിക്കുന്നത്.
സ്റ്റില്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), കോള്‍ ഇന്ത്യാ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, സത്ലജ് ജല്‍ വൈദ്യുത് നിഗം ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും വില്‍പ്പനക്ക് ഉണ്ടാകും.

ബി.എസ്.എന്‍.എല്‍ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കുന്നു

തൊഴിലാളി യൂനിയനുകളുടെ ശക്തമായി എതിര്‍പ്പിനിടെ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കാന്‍ പൊതു മേഖലാ ടെലിക്കോം കമ്പനിയായ ബി.എസ്.എന്‍.എല്‍ നീക്കം തുടങ്ങി. ജീവനക്കാരെ പിരിച്ചുവിടുന്നതിനു  സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കാന്‍  കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം  തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ കമ്പനിയുടെ 30 ശതമാനം ഓഹരികള്‍ വില്‍ക്കാനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുക.

മുഹ്‌സിന കിദ്വായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ന്യൂദല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഹ്‌സിന കിദ്വായി തെരഞ്ഞെടുക്കപ്പെട്ടു. ദല്‍ഹിയില്‍ നടന്ന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുംബൈ സ്വദേശി ഹാജി ഇബ്രാഹിം ശൈഖിനെ ഏഴിനെതിരെ പത്തു വോട്ടിനാണ് മുഹ്‌സിന പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ഹജ്ജ് കമ്മിറ്റിയുടെ സാരഥ്യം  വനിതക്ക് ലഭിക്കുന്നത്.

നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കാനുള്ള നീക്കത്തിനിടയിലാണ് സുപ്രധാന പദവിയില്‍ ഒരു മുസ്‌ലിം വനിത നിയോഗിക്കപ്പെടുന്നത്.
Syndicate content
Share/Bookmark